[ad_1]

മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പെട്രോൾ പമ്പ് ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം മങ്കട കോഴിപ്പറമ്പ് കുഴിക്കാട്ടിൽ ആഷിക് എന്ന സാബിത് അലി (21), കരുളായി കാട്ടിലപ്പാടം പുല്ലാന്നൂർ വീട്ടിൽ അനൂപ് (18), 17കാരൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് മണ്ണാർക്കാട്, മങ്കട, കരുളായി എന്നിവിടങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരു പ്രതിയെകൂടി പിടികൂടാനുണ്ട്. ഇയാൾ ഗോവയിലേക്ക് കടന്നതായിട്ടാണ് സൂചന. മയക്കുമരുന്ന് വാങ്ങാനും ആർഭാട ജീവിതത്തിനുമാണ് പ്രതികൾ കവർച്ച നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ നീലേശ്വരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലായിരുന്നു കവർച്ച. മലപ്പുറത്തുനിന്ന് വാടകക്കെടുത്ത കാറിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് സ്ഥാപിച്ചാണ് കവർച്ച നടത്തിയത്.
താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, മുക്കം ഇൻസ്പെക്ടർ കെ. സുമിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയർ സി.പി.ഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, മുക്കം എസ്.ഐ കെ. സന്തോഷ്കുമാർ, എ.എസ്.ഐ ഷിബിൽ ജോസഫ്, സീനിയർ സി.പി.ഒ അബ്ദുൽ റഷീദ് പൂനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
[ad_2]
