[ad_1]
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾക്ക് തുടക്കമിടാനൊരുങ്ങി കുടുംബശ്രീകൾ. ആദായ, ജനകീയ ഹോട്ടലുകൾ നടത്തി വിജയം കൈവരിച്ചതോടെയാണ് പുതിയ സംരംഭ മേഖലയിലെ ചുവടുവെയ്പ്പ്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി താൽപ്പര്യപത്രം ക്ഷണിച്ചു. 50 മുതൽ 100 വരെ ആളുകൾക്ക് ഒരുമിച്ച് ഇരിക്കാൻ പാകത്തിലുള്ള എസി മുറികളാണ് പ്രീമിയം കഫേയിൽ സജ്ജീകരിക്കുക. പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കഫേയ്ക്ക് അനുബന്ധമായി ഒരുക്കും.
സ്ത്രീ സൗഹൃദമായ രീതിയിലാണ് കഫേ രൂപകൽപ്പന ചെയ്യുക. വൈവിധ്യമായ ഭക്ഷണങ്ങൾ പ്രീമിയം കഫേയിൽ ലഭ്യമാക്കുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. ഏറ്റവും കുറഞ്ഞത് 40 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ മുതൽമുടക്കിലാണ് സംരംഭങ്ങൾ ആരംഭിക്കുക. 20 ലക്ഷം രൂപ വരെ കുടുംബശ്രീ ധനസഹായം ലഭിക്കും. വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾ ആരംഭിക്കുന്നതാണ്. ഹോട്ടൽ മാനേജ്മെന്റിൽ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കാണ് പ്രീമിയം കഫേയുടെ നടത്തിപ്പിന്റെ ചുമതല. താൽപ്പര്യപത്രം സമർപ്പിക്കേണ്ടതിന്റെ വിശദവിവരങ്ങൾ ജില്ലാ മിഷൻ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
[ad_2]