പോത്തൻകോട് : വിദ്യാർഥിനിയായ പത്തൊൻപതുകാരിയെ കെ.എസ്.ആർ.ടി.സി. ബസില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.
വെള്ളനാട് സ്വദേശിയും വെമ്ബായം തേക്കടയില്‍ വാടകയ്ക്കു താമസിക്കുന്ന രതീഷ്‌കുമാറി(48)നെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഒൻപതുമണിക്കാണ് സംഭവം നടന്നത്. നെടുമങ്ങാടുനിന്ന് മുരുക്കുംപുഴയിലേക്ക് സർവീസ് നടത്തിയ ബസ് പോത്തൻകോട് ബസ് സ്റ്റോപ്പില്‍ നിർത്തി വിദ്യാർഥിനി ഇറങ്ങുന്നതിനിടെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്ന ഉടൻതന്നെ പ്രദേശത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോത്തൻകോട് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി പോത്തൻകോട് മേലെമുക്ക് ഭാഗത്തേക്കു കടന്നുകളഞ്ഞു.
ബുധനാഴ്ച രാവിലെ പോത്തൻകോട് ജോലിക്കെത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോത്തൻകോട് എസ്.എച്ച്.ഒ. രാജേന്ദ്രൻ നായർ, എസ്.ഐ. സായിസേനൻ, സി.പി.ഒ.മാരായ വിനീഷ്, ഗോകുല്‍, അരുണ്‍, അഖില്‍, ശ്രീലേഖ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
