തിരുവനന്തപുരം: കാട്ടാക്കടയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റില്‍. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനില്‍ വിപിൻ (ഉണ്ണി-28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് വിപിന്റെ ഭാര്യ സോന ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളാണ് സംഭവം.
സോനയും കല്ലാമം ഷിബിൻ ഭവനില്‍ പരേതനായ എം.വിൻസന്റ്-എല്‍. ഉഷാകുമാരി ദമ്ബതികളുടെ മകൻ വി.വിപിനും വർഷങ്ങളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല് ദിവസങ്ങള്‍ക്കുള്ളില്‍ മകള്‍ ജീവനൊടുക്കിയതോടെ കുടുംബം തകർന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാല്‍ മറ്റ് നടപടികളുണ്ടായില്ല. തുടർന്ന് സോനയുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.
