Real Time Kerala
Kerala Breaking News

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു.

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു. കാഞ്ഞങ്ങാട് കാട്ടുകുളങ്ങരയിലെ സി.വിഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി മുരുകനെ (30) ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ കാപ്പ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് ഇക്കഴിഞ്ഞ ഏഴിനാണ് ഗീത അറിയുന്നത്. ഉടൻ പോലീസില്‍ പരാതി നല്‍കി. വീട്ടില്‍ അപരിചിതർ വന്നിരുന്നോ എന്ന പോലീസിന്റെ ചോദ്യത്തിന് ഒരാള്‍ പിരിവിനു വന്നതൊഴിച്ചാല്‍ മറ്റാരും വന്നില്ലെന്ന് ഇവർ മറുപടിയും നല്‍കി.

 

തൃശ്ശൂരിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് വ്യാപക പിരിവ്. രോഗികളെ സഹായിക്കുന്ന ട്രസ്റ്റാണിതെന്നു പറഞ്ഞ് ഓരോ പ്രദേശത്തും നാലും അഞ്ചും പേരാണ് വീടുകള്‍ കയറിയിറങ്ങുന്നത്. അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു ട്രസ്റ്റ് ഇല്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ മുഖ്യ കണ്ണി ഓരോയിടത്തുമെത്തി നാലോ അഞ്ചോ പേരെ പിരിവിനായി നിയോഗിക്കുന്നു. അവർക്കതിന്റെ കൂലിയും കൊടുക്കും. ഈ രീതിയില്‍ കാഞ്ഞങ്ങാട്ട് നിയമിക്കപ്പെട്ടവരാണ് ഉണ്ണി മുരുകനൊപ്പമുണ്ടായിരുന്നത്.

 

കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ക്വാർട്ടേഴ്സിലാണ് ഇവർ താമസം. അവിടെ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് കൈക്കലാക്കിയ ഗീതയുടെ സെല്‍ഫോണും കണ്ടെത്തി. ഗീതയില്‍നിന്നു 100 രൂപ സംഭാവന വാങ്ങിയ ശേഷം വീടാകെ നിരീക്ഷിക്കുകയായിരുന്നു പ്രതി. വീടു പൂട്ടിയശേഷം മുൻവാതിലിന്റെ താക്കോല്‍ എവിടെ വയ്ക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി. ഗീത വീടുപൂട്ടിപ്പോയ തക്കം നോക്കി താക്കോല്‍ എടുത്ത് തുറന്ന് അകത്തെ അലമാരയില്‍ വെച്ച സ്വർണം മോഷ്ടിക്കുകയായിരുന്നു. ഇതില്‍ മൂന്നുപവൻ കാഞ്ഞങ്ങാട്ടെ ജൂവലറിയില്‍ വിറ്റ ശേഷമാണ് ടാക്സിയില്‍ കൊല്ലത്തേക്കു പുറപ്പെട്ടത്.

 

സൂചന കിട്ടിയത് ചായക്കടയില്‍നിന്ന്

 

രാത്രി പട്രോളിങ്ങ് നടത്തുന്നതിനിടെ കയറിയ ചായക്കടയില്‍, പോലീസ് കേട്ടത് പിരിവ് കളക്ഷനെക്കുറിച്ച്‌ ഒരു സംഘം സംസാരിക്കുന്നതാണ്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഗീതയുടെ വീട്ടില്‍നിന്നു കിട്ടിയ റസീറ്റില്‍ പറയുന്ന അതേ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടിയുള്ള പിരിവാണ് നടത്തുന്നതെന്ന് മനസ്സിലായി. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് ഓരോരുത്തരുടെയും ഫോട്ടോ ഗീതയ്ക്ക് അയച്ചുകൊടുത്തു. അവരാരും അല്ലെന്ന് പറഞ്ഞ ഗീത, പിറ്റേന്ന് പോലീസിനെ വിളിച്ച്‌ അതിലൊരാളാണെന്ന് തോന്നുന്നുവെന്ന് സംശയം പറഞ്ഞു. അപ്പോഴേക്കും പോലീസ് ഇവരെ വിട്ടിരുന്നു.

 

വീണ്ടും ഇവരെ പിടിച്ചപ്പോള്‍ സംഘത്തിലെ ഒരാളെ കാണാനില്ല. കാഞ്ഞങ്ങാട്ടുനിന്ന് ടാക്സി പിടിച്ച്‌ ഇയാള്‍ കൊല്ലത്തേക്കു പോകുകയായിരുന്നു. ഉടൻ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് ഹൊസ്ദുർഗ് പോലീസിന്റെ അറിയിപ്പെത്തി. കോഴിക്കോട് നഗരത്തില്‍നിന്ന് കസബ പോലീസ് പ്രതിയെ പിടിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 20-ലധികം കേസുകളില്‍ പ്രതിയാണിയാള്‍. കൊല്ലം പോലീസ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തിയിരുന്നു. അവിടെ ഒരു ക്ഷേത്രത്തില്‍ കയറി കവർച്ച നടത്തിയതാണ് ഒടുവിലത്തെ കേസ്. ഏതാനും മാസം മുൻപാണ് ജയിലില്‍ നിന്നിറങ്ങിയത്. ഹൊസ്ദുർഗ് എസ്.ഐ. വി.പി. അഖില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post ad 1
You might also like