അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേർന്ന് നിർമിക്കുന്ന പുതിയ പാലമാണ് വ്യാഴാഴ്ച പൊളിഞ്ഞുവീണത്
അപകടത്തില്‍ ആർക്കും പരിക്കില്ല.
കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന് താഴെ സ്ഥാപിച്ചിരുന്ന കമ്ബികള്‍ വീഴുകയും പിന്നാലെ പാലം തകർന്നുവീഴുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടസമയത്ത് പാലത്തിന്റെ മുകള്‍ഭാഗത്ത് നാല് തൊഴിലാളികളുണ്ടായിരുന്നു. അപകടമുണ്ടായ ഉടൻ ഇവർ ചാടിരക്ഷപ്പെട്ടു. ഇവർക്കാർക്കും പരിക്കില്ല.
അതേസമയം, നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമായതെന്ന് വാർഡ് മെമ്ബർ അനീഷ് ആരോപിച്ചു. ഇത് മൂന്നാംതവണയാണ് പാലം നിർമാണത്തിനിടെ പൊളിഞ്ഞുവീഴുന്നതെന്നും വ്യാഴാഴ്ച രാവിലെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും വാർഡ് മെമ്ബർ പറഞ്ഞു.
