Real Time Kerala
Kerala Breaking News

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലുമാകുന്നില്ല, ഇത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം-ആദിത്യ താക്കറെ

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ വൈകുന്നതില്‍ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച്‌ ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതും മഹാരാഷ്ട്രയിലെ ജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

 

ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുമതി പോലും തേടാതെ സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചത് അരാജകത്വമാണ്. ഇവിടെ പ്രതിപക്ഷ പാർട്ടികള്‍ക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്. ചില പാർട്ടികള്‍ക്ക് നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ഇപ്പോള്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.

 

 

 

 

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ യോഗ്യത നേടിയവർ മുൻഗണന നല്‍കുന്നത് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുന്ന നേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍, മഹാരാഷ്ട്രയില്‍ ഇതുവരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താത്തത് എന്താണെന്നും താക്കറെ ചോദിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

 

തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തതിനെ തുടർന്ന് ക്ഷീണിതനാണെന്നും വിശ്രമത്തിനായി സ്വദേശമായ സത്താറയിലേക്ക് പോകുകയാണെന്നും മഹാരാഷ്ട്രയുടെ കാവല്‍ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്ദെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണെന്ന് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് ഉള്‍പ്പെടെ ഷിന്ദെ മുന്നോട്ടുവെച്ച ഉപാധികളാണ് സർക്കാർ രൂപീകരണം വൈകാൻ കാരണമായത്.

 

അതിനിടെ സർക്കാർ രൂപീകരണം സംബന്ധിച്ച്‌ ബി.ജെ.പിയ്ക്ക് ഷിന്ദെ വഴങ്ങിയെന്നാണ് വിവരം. പ്രധാനമന്ത്രിയും അമിത് ഷായും ചേർന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബി.ജെ.പി. തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്ദെ സൂചിപ്പിച്ചു. സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ജനങ്ങളെ സേവിക്കുന്നത് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

Post ad 1
You might also like