കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയില്‍ പിടിയില്‍
കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മൻസില്‍ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പൊന്നാനിയിലെ ഒരു ലോഡ്ജില്‍ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്.
പൊലീസ് പരിശോധനയില്‍ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈല്‍ ഫോണുകളും സിമ്മും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.
പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദേശ പ്രകാരം സൈബർ പൊലീസിന് കൈമാറി. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജയചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി ചിത്തരഞ്ജന്‍റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.
പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാഷണല്‍ സൈബർ ക്രൈംപോർട്ടലില്‍ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്ബത്തിക തട്ടിപ്പ് സംബന്ധമായ പരാതികള്‍ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നാല് പരാതികളും മറ്റ് സംസ്ഥാനങ്ങളില്‍ 47 പരാതികളുമാണുള്ളത്.
പ്രതിയെ ടെലഗ്രാമില്‍ ദുബൈയില്‍ നിന്ന് ഒരാള്‍ ബന്ധപ്പെടുകയും മലബാർ ഭാഗത്തുള്ള ഒരാളെ പരിചയപ്പെടുത്തുകയും ഏജന്‍റ് വഴി സാധാരണക്കാർക്ക് കമീഷൻ നല്‍കി വാടകക്കെടുത്ത് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എ.ടി.എം കാർഡുകളും സ്ഥിരമായി എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.
ദുബൈയില്‍ നിന്നുള്ള ആളില്‍ നിന്ന് ലഭിക്കുന്ന നിർദേശപ്രകാരം ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ഫെഡ് ആപ്പ് പ്രതി ആക്റ്റീവ് ചെയ്യണം. ഈ ആപ്പിലേക്ക് വിവിധ അക്കൗണ്ടുകളില്‍ നിന്ന് ഫ്രോഡ് മണിയും ബിറ്റ് കോയിൻ അടങ്ങിയ വിവരങ്ങളുള്ള സ്ലിപ്പും പ്രതിക്ക് അയച്ചു നല്‍കും. ഇതുപ്രകാരം ഇന്ത്യൻ മണി പറയുന്ന ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് ക്രിപ്റ്റോ കറൻസി ദുബൈയിലുള്ള ആള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് പ്രതിയുടെ ജോലി.
ഇത്തരത്തില്‍ ഓണ്‍ലൈൻ തട്ടിപ്പ് പരാതി നല്‍കിയവരുടെ കോടിക്കണക്കിന് പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് പ്രതി വ്യക്തമായിട്ടുള്ളത്. പ്രതിയെ തൃശ്ശൂർ കൊരട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണത്തിനായി പൊന്നാനി പൊലീസ് കൈമാറി.
