ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: പ്രതിചേര്‍ത്ത ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസില്‍ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ഇയാള്‍. ഓട്ടോ ഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങല്‍ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത് കഴിഞ്ഞ മാസം ഏഴിനായിരുന്നു ഒതുക്കുങ്ങല്‍ വെസ്റ്റ് കോഡൂരില്‍ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്.
യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്‍, ക്ലീനർ എന്നിവർക്കെതിരെയും സംഭവത്തില്‍ കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് പിടിയിലായ ഷിജു ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജീവനൊടുക്കിയത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയ്ക്കാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ഈ ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ വിവരം പോലിസിനെ അറിയിച്ചു. തുടന്ന് സ്ഥലത്തെത്തിയപോലീസ് വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
