[ad_1]
വരവിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നവർ നമുക്കു ചുറ്റും ഉണ്ടാകും. ഇങ്ങനെയുള്ള ജീവിത രീതി മുന്നോട്ട് നയിക്കുന്നവർക്ക് സ്വത്ത് സമ്പാദിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ചില കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ എല്ലാവർക്കും സ്വത്ത് സമ്പാദിക്കാനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ബജറ്റ് പ്ലാൻ
നിങ്ങളുടെ വരവു ചെലവുകൾ കണക്കിലെടുത്തുകൊണ്ട് ഒരു ബജറ്റ് തയ്യാറാക്കുക. നിങ്ങളുടെ മൊത്തം വരുമാനത്തിന്റെയും ചെലവുകളുടെയും ഒരു കണക്ക് സൂക്ഷിക്കുക. എന്നിട്ട് അതനുസരിച്ച് ഒരു ബജറ്റ് തയ്യാറാക്കുക. അനാവശ്യ ചെലവുകളൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ അവശ്യ ചെലവുകളെക്കുറിച്ചും ആഡംബര വസ്തുക്കൾക്കായി ചെലവഴിക്കുന്നുണ്ടോ എന്നറിയാനും ബഡ്ജറ്റ് തയ്യാറാക്കുന്നതിലൂടെ സാധിക്കുന്നു. വരുമാനത്തിന്റെ ഒരു ഭാഗം സമ്പാദ്യത്തിനായി നീക്കിവെക്കാൻ ഇത് നിങ്ങളെ സഹായിക്കും.
അധിക ഷോപ്പിംഗ് ഒഴിവാക്കുക
സാധനങ്ങൾ വാങ്ങിക്കാൻ തീരുമാനിച്ച് കഴിഞ്ഞാൽ അതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റ് ഉണ്ടാക്കാതെയുള്ള ഷോപ്പിംഗ് പൂർണ്ണമായും ഒഴിവാക്കുക. കാരണം ആവശ്യമായ വസ്തുക്കൾ മറക്കാതിരിക്കാനും അനാവശ്യ ഉൽപ്പന്നങ്ങൾ മേടിക്കാതിരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. ഇങ്ങനെ സൂക്ഷിച്ച് പണം ചെലവഴിക്കുന്നതിലൂടെ സമ്പാദ്യം ഉണ്ടാകുകയും അത് ഭാവിയിലേക്ക് നിക്ഷേപത്തിനായി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.
ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക
എഴുത്തുകാരനായ തോമസ് ജെ. സ്റ്റാൻലിയുടെ ഗവേഷണ പ്രബന്ധത്തിൽ പറഞ്ഞിരിക്കുന്നത് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 81% പേരും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുന്നു എന്നതാണ്. പൂർത്തിയാക്കിയ ജോലികൾ നീക്കം ചെയ്തും പുതിയവ ചേർത്തും പതിവായി അവർ ലിസ്റ്റ് പുതുക്കിക്കൊണ്ടിരിക്കുന്നു. ചെലവുകളും പണം ചെലവാക്കുന്ന മറ്റ് പ്രവർത്തനങ്ങളും പരിശോധിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ ഈ വിവരങ്ങൾ സഹായിക്കും.
നിങ്ങളുടെ പണം സേവിംഗ്സ് അക്കൗണ്ടുകളിൽ ഇടരുത്
നിങ്ങളുടെ പണം വെറുതെ വെയ്ക്കരുതെന്ന് ഫോർബ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പണം സേവിങ്സ് അക്കൗണ്ടുകളിൽ ഇടാതെ പകരം സ്റ്റോക്ക് മാർക്കറ്റ്, ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡികൾ), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സ്വർണ്ണം തുടങ്ങിയ ജനപ്രിയ നിക്ഷേപ മാർഗങ്ങളിലേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്.
ലോണുകളും ഇഎംഐകളും ഒഴിവാക്കുക
വായ്പകൾക്കും ക്രെഡിറ്റ് കാർഡ് ചെലവുകൾക്കുമായി പലിശ നൽകുന്നത് ഒഴിവാക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് വരെ നിങ്ങൾ വായ്പ എടുക്കരുത്. ലോൺ തുകയും ഉയർന്ന പലിശയും നിങ്ങളെ സാമ്പത്തിക പിരിമുറുക്കത്തിൽ കൊണ്ടെത്തിക്കുന്നു. ഇത് മാനസിക സമ്മർദ്ദത്തിനും കടബാധ്യത കൂടുന്നതിനും കാരണമാകുന്നു. കൂടാതെ കൂടുതൽ സ്വത്ത് സമ്പാദിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ബജറ്റ് ആസൂത്രണം ചെയ്യുകയും നിങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഇനങ്ങൾ മാത്രം വാങ്ങുകയും ചെയ്യുന്നതാണ് നല്ലത്.
[ad_2]
