[ad_1]

ധൻതേരാസിനോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം കൂടുതൽ ആഘോഷമാക്കി ഇന്ത്യൻ ഓഹരി വിപണി. അടുത്ത വ്യാപാര വർഷത്തിലെ ശുഭ സൂചകമായാണ് മുഹൂർത്ത വ്യാപാരത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുഹൂർത്ത വ്യാപാര സമയത്ത് നിക്ഷേപകർ വലിയ തോതിൽ വാങ്ങൽ താൽപ്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 355.77 പോയിന്റ് ഉയർന്ന് 65,259-ലും, നാഷണൽ സൂചികയായ നിഫ്റ്റി 100.2 പോയിന്റ് ഉയർന്ന് 19,525.55-ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ദീപാവലി ദിനമായ ഇന്നലെ മാത്രം നിക്ഷേപകരുടെ വിപണി മൂല്യത്തിൽ 2.2 ലക്ഷം കോടി രൂപയുടെ കുതിപ്പ് ഉണ്ടായിട്ടുണ്ട്.
പ്രധാന മേഖലകളിൽ എല്ലാം മുഹൂർത്ത വ്യാപാര ദിനത്തിൽ മികച്ച വാങ്ങൽ താൽപ്പര്യം ദൃശ്യമായിട്ടുണ്ട്. ചെറുകിട, ഇടത്തരം മേഖലകളിലെ കമ്പനികളും മികച്ച നേട്ടം ഉണ്ടാക്കിയെന്നതാണ് ശ്രദ്ധേയമായി മാറിയത്. കോൾ ഇന്ത്യ, ഇൻഫോസിസ്, ഐഷർ മോട്ടേഴ്സ്, ബജാജ് ഓട്ടോ, വിപ്രോ, ടൈറ്റൻ, അദാനി കമ്പനികൾ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വൻകിട കമ്പനികൾ മുന്നേറ്റത്തിന് നേതൃത്വം നൽകി. ആഭ്യന്തര നിക്ഷേപകരുടെ പണത്തിലാണ് ഇന്ത്യൻ ഓഹരി വിപണി ചരിത്ര മുന്നേറ്റം കാഴ്ചവച്ചത്.
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണി നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം. ദീപാവലി ദിനത്തിൽ നടത്തുന്ന മുഹൂർത്ത വ്യാപാരം ഏകദേശം ഒരു മണിക്കൂർ മാത്രം ദൈർഘ്യം ഉള്ളവയാണ്. മുഹൂർത്ത വ്യാപാരം സാധാരണ വ്യാപാരത്തിൽ നിന്ന് വ്യത്യസ്ഥമല്ല. ഇന്ത്യൻ ധന വിപണികളിലെ സ്റ്റോക്കുകളുടെയും ചരക്കുകളുടെയും വ്യാപാരത്തിനായി തിരഞ്ഞെടുത്ത ശുഭ മുഹൂർത്തമായ ഇവ വർഷങ്ങൾ പഴക്കമുള്ളതാണ്.
[ad_2]
