ഒരു വള്ളിയിൽ നിന്ന് പരമാവധി ഏഴര കിലോഗ്രാം വരെ വിളവ് നേടാം, പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഗവേഷക സംഘം
[ad_1]
വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. മികച്ച ലാഭം തരുന്ന കാർഷിക മേഖലയായതിനാൽ കുരുമുളക് കൃഷി ചെയ്യുന്നവരും നിരവധിയാണ്. ഇപ്പോഴിതാ പുതിയ ഇനം കുരുമുളക് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിലെ ഗവേഷക സംഘം. ഒരു വള്ളിയിൽ നിന്ന് പരമാവധി ഏഴര കിലോഗ്രാം വരെ വിളവ് ലഭിക്കുന്നതാണ് പുതിയ ഇനം കുരുമുളക്. ഉൽപ്പാദനക്ഷമത വാഗ്ദാനം ചെയ്യുന്ന ഈ കുരുമുളകിന് ‘ചന്ദ്ര’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട ഗവേഷണത്തിന് ഒടുവിലാണ് ഇത്രയധികം വിളവ് ലഭിക്കുന്ന കുരുമുളക് ഇനത്തെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.
നീളമുള്ള തരികളാണ് ചന്ദ്രയെ മറ്റു കുരുമുളക് ഇനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നിലവിൽ, പ്രചാരത്തിലുള്ള കുരുമുളക് ഇനങ്ങൾക്ക് ബദലാകാൻ കഴിയുന്ന എല്ലാ സവിശേഷതകളും ചന്ദ്രയിലുണ്ട്. ചോലമുണ്ടി, തൊമ്മൻകൊടി എന്നീ ഇനങ്ങളിൽ നിന്ന് സങ്കരയിനം ഉൽപ്പാദിപ്പിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. തുടർന്ന് ഈ സങ്കരയിനത്തെ മാതൃസസ്യമായി ഉപയോഗിച്ച് തൊമ്മൻകൊടിയിൽ നിന്നുള്ള പൂമ്പൊടി കൊണ്ട് പരാഗണം നടത്തിയാണ് ചന്ദ്രയെ വികസിപ്പിച്ചിട്ടുള്ളത്. വ്യാവസായികാടിസ്ഥാനത്തിൽ ചന്ദ്രയെ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് ഗവേഷക സംഘം ഉടൻ സ്വന്തമാക്കുന്നതാണ്. ലൈസൻസ് ലഭിച്ചാലുടൻ ആറ് മാസത്തിനകം കർഷകരിലേക്ക് ചന്ദ്രയെ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
[ad_2]