[ad_1]
പ്രമുഖ എജ്യുടെക് കമ്പനിയായ ബൈജൂസിന് നിക്ഷേപകരിൽ നിന്ന് വീണ്ടും കനത്ത പ്രഹരം. ബൈജൂസിന്റെ വിപണി മൂല്യം വീണ്ടും കുറച്ചതോടെയാണ് തിരിച്ചടി നേരിട്ടത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി വെട്ടിച്ചുരുക്കി. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വിപണി മൂല്യത്തിൽ 86 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ നിക്ഷേപകർ വിപണി മൂല്യം വെട്ടിച്ചുരുക്കിയിരുന്നു. പ്രോസസ്, ബ്ലാക്ക്റോക്കർ ഉൾപ്പെടെയുള്ള ഓഹരി ഉടമകളാണ് അന്ന് ഓഹരികൾ വെട്ടിക്കുറച്ചത്. അതേസമയം, ഇത്തവണ പ്രോസസ് വിപണി മൂല്യം കുറച്ചെങ്കിലും, അതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബൈജൂസിലെ നിക്ഷേപത്തിൽ നിന്ന് 315 മില്യൺ ഡോളർ കൂടി എഴുതിത്തള്ളിയതായി അടുത്തിടെ പ്രോസസ് അറിയിച്ചിരുന്നു.
ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ് വ്യവസ്ഥയുടെ മുഖമുദ്ര കൂടിയായിരുന്നു ബൈജൂസ്. പിന്നീട് നിരവധി ക്രമക്കേടുകൾ ഉണ്ടായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 2020-21 സാമ്പത്തിക വർഷം മുതൽ കണക്കുകൾ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും, അക്കൗണ്ടുകൾ യഥാക്രമം ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
[ad_2]