കോയമ്പത്തൂർ. പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്.
സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനായി പോകാൻ സുഹൃത്തുക്കള്‍ക്കൊപ്പം ബസ് കാത്തിരിക്കുമ്ബോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്.
കോയമ്ബത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്.പ്രണവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രണവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇഎസ്‌ഐ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
