കേരളത്തില്‍ നികുതിയടയ്ക്കാതെ ‘റെന്റ് എ കാര്‍’ ആയി ഓടിയ ‘റോള്‍സ് റോയ്‌സ്’ കാറിനെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി.
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ചെയ്ത മൂന്നുകോടി രൂപ വിലയുള്ള കാര്‍ വിവാഹഷൂട്ടിനായി എത്തിച്ചപ്പോഴാണ് അധികൃതര്‍ പിടികൂടിയത്.
കാര്‍ വാടകയ്‌ക്കെടുത്തവരുടെ മൊഴിപ്രകാരം എറണാകുളത്തുള്ള ഉടമയ്‌ക്കെതിരേ നടപടിയാരംഭിച്ചു. വാഹനമുടമയ്ക്ക് 12,04,000 രൂപ പിഴയുമിട്ടു. മലപ്പുറം ജില്ലാ എന്‍ഫോഴ്മെന്റ് കോട്ടയ്ക്കല്‍ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരാണ് ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ കാര്‍ കണ്ടെത്തി നിയമനടപടിയാരംഭിച്ചത്.
എറണാകുളത്തുള്ള ട്രാവല്‍ ഏജന്‍സി പ്രതിദിനം രണ്ടുലക്ഷം രൂപ വാടകയീടാക്കിയാണ് കാര്‍ വിട്ടുകൊടുത്തിരുന്നത്. വാഹന പരിശോധനയ്ക്കിടെ എം.വി.ഐ. എം.വി. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.കേരളത്തിലടയ്ക്കാനുള്ള നികുതിയും പിഴയുമെല്ലാമടക്കമാണ് 12,04,000 രൂപയുടെ നോട്ടീസ് ഉടമയ്ക്ക് നല്‍കിയത്.