ചവറ : നടപ്പുവർഷത്തെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈ – കാലുകള്‍ നഷ്ടമായ 19 വ്യക്തികള്‍ക്ക് നിർമിത ബുദ്ധിയില്‍ അധിഷ്ടിതമായ കൃത്രിമ അവയവങ്ങള്‍ നല്‍കി ഐആർഇഎല്‍ മാതൃകയാകുകയാണ്.
പരമ്പരാഗത ശൈലികളിലുള്ള മരക്കാല്‍, കൈ എന്നിവയെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും എന്നാല്‍ ചലിപ്പിക്കാൻ പറ്റുന്നതുമായ പാദങ്ങളും കൈവിരലുകളും ഉള്‍ക്കൊള്ളുന്ന അവയവങ്ങളുടെ നിർമാണ ചുമതല ന്യൂഡെല്‍ഹി കേന്ദ്രമാക്കി പ്രവർത്തുക്കുന്ന ഗ്രീൻടെക് ഫൗണ്ടേഷൻ ചാരിറ്റബിള്‍ ട്രസ്റ്റിന് ആയിരുന്നു. കഴിഞ്ഞവർഷവും ഐആർഇഎല്‍ ഇതേ രീതിയില്‍ കൃത്രിമ അവയവങ്ങള്‍ അംഗഭംഗർക്ക് നല്‍കുക ഉണ്ടായി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ വിലകൂടിയ ഉപകരണങ്ങള്‍ സാധാരണകാർക്ക് പോലും വിലകൊടുത്ത് വാങ്ങുവാൻ ബുദ്ധിമുട്ട് ഉണ്ടെന്നിരിക്കെ ഐആർഇ ഇവ തികച്ചും സൗജന്യമായിട്ടാണ് നല്‍കിയത്.
ഐആർഇ നല്‍കിയിട്ടുള്ള ഈ ഉപകരണങ്ങളുടെ പരിപാലനത്തിനായി ജില്ലാ ആശുപത്രിയുമായി സഹകരിച്ച് പ്രത്യേക കേന്ദ്രം സജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഐആർഇഎല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൃത്രിമ കൈ-കാല്‍ വിതരണോദ്ഘാടനവും വാറണ്ടികാർഡുകളുടെ വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. ഐആർഇഎല്‍ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് അധ്യക്ഷനായി. ഗ്രീൻടെക് ഫൗണ്ടേഷൻ ചാരിറ്റബിള്‍ ട്രസ്റ്റി കമലേശ്വർ ശരണ്‍ മുഖ്യപ്രഭാഷണം നടത്തി.
ഐആർഇഎല്‍ ജനറല്‍ മാനേജർ കൗശ്വിക്ധർ, ചീഫ് മാനേജർ കെ.എസ് ഭക്തദർശൻ, ഡെപ്യൂട്ടി ജനറല്‍ മാനേജർ ഡി.അനില്‍ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
