Real Time Kerala
Kerala Breaking News

കുഞ്ഞിനെ ഷര്‍ട്ടില്‍ പൊതിഞ്ഞ് പാറമടയില്‍ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം

കോലഞ്ചേരി: പ്രസവിച്ച കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

 

തിരുവാണിയൂർ പഴുക്കാമറ്റം വീട്ടില്‍ ശാലിനി (40) ക്കാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.

 

2021 ജൂണ്‍ ഒന്നിന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ശാലിനി. ഇതിനിടെ ഗർഭിണിയായ ശാലിനി പ്രസവിച്ച ശേഷം കുഞ്ഞിനെ ഷർട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടില്‍ അവശ നിലയിലായ ശാലിനിയോട് നാട്ടുകാർ ആശുപത്രിയില്‍ പോകാൻ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിനെ തുടർന്ന് പുത്തൻകുരിശ് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

 

യുവതി കുട്ടിയെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയാണ് അന്നത്തെ ഇൻസ്പെക്ടറായ യു. രാജീവ് കുമാർ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർമാരായ മഞ്ജുദാസ്, ടി. ദിലീഷ്, എസ്.ഐ.മാരായ സനീഷ്, ശശിധരൻ, പ്രവീണ്‍ കുമാർ, സുരേഷ് കുമാർ, ജോയി, മനോജ് കുമാർ സീനിയർ സി.പി.ഒ.മാരായ ബി. ചന്ദ്രബോസ്, യോഹന്നാൻ എബ്രഹാം, മിനി അഗസ്റ്റില്‍, സുജാത, മേഘ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പി.എ. ബിന്ദു ഹാജരായി.

Post ad 1
You might also like