Real Time Kerala
Kerala Breaking News

എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്.

കൊച്ചി: എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വയറ്റില്‍ കത്രിക കുത്തിക്കയറി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്.

 

കുഞ്ഞിത്തൈയിലെ സിബിന്റെ മരണത്തില്‍ ഭാര്യ രമണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വച്ച്‌ സിബിന് വയറ്റില്‍ കത്രികവെച്ച്‌ കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറുകയായിരുന്നുവെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്.

 

ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബിന് പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ സംശയം തോന്നിയ സിബിന്റെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ സിബിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.

 

സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതർക്കമുണ്ടായി. അതിനിടെ കയ്യില്‍ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയില്‍ കയറി വാതില്‍ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതില്‍ തള്ളിത്തുറന്നു. സിബിന്റെ കയ്യില്‍ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാർത്ഥം സിബിന്റെ വയറ്റില്‍ ആഞ്ഞുകുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പോലീസ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Post ad 1
You might also like