Real Time Kerala
Kerala Breaking News

കന്നുകാലികളെ മോഷ്ടിച്ച്‌ കശാപ്പ്; യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും സഹോദരനും കൂട്ടാളിയും പിടിയില്‍

കുടയത്തൂർ(ഇടുക്കി): ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു.

യൂത്ത് കോണ്‍ഗ്രസ് കുടയത്തൂർ മണ്ഡലം മുൻപ്രസിഡന്റ് കാഞ്ഞാർ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കൻ(30), സഹോദരൻ അല്‍ത്താഫ് (23) ഹാറുണ്‍ റഷീദ് (40) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഷിയാസ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനാണ്.

 

വാഗമണ്ണിലുള്ള ഓറിയോണ്‍ ഫാമില്‍നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. വാഗമണ്‍ പ്രദേശത്തുനിന്ന് പശുക്കള്‍ മോഷണംപോകുന്നത് പതിവായിരുന്നു. ഫാം മാനേജർ ഇതരസംസ്ഥാനക്കാരായ ജോലിക്കാരെ സംശയിച്ചിരുന്നു. പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ മാനേജർ ഫാമിലെത്തി. അപ്പോള്‍ റോഡരികില്‍ നിർത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം ഒരു പശുവിനെ കെട്ടിയിട്ടത് കണ്ടു. സമീപമുണ്ടായിരുന്നയാള്‍ ഓടാൻ ശ്രമിച്ചു. ഇയാളെ പിടികൂടി. തുടർന്ന് ഫാമിലേയ്ക്ക് കയറുമ്ബോള്‍ അവിടെനിന്ന് രണ്ടുപേർ ഇറങ്ങിയോടി. പിടിയിലായയാളുടെ മൊഴിയനുസരിച്ച്‌ ഇവരെയും പിന്നീട് അറസ്റ്റുചെയ്തു.

 

കുടയത്തൂരില്‍ ഇറച്ചിക്കട നടത്തുകയായിരുന്നു ഷിയാസും സഹോദരനും. കടയില്‍ വാഗമണ്‍ ഇറച്ചി എന്ന് ബോർഡും വെച്ചിരുന്നു. മറ്റിടങ്ങളില്‍ 400 രൂപയ്ക്ക് വില്‍ക്കുന്ന ഇറച്ചി ഇവിടെ 280 രൂപയ്ക്കാണ് കൊടുത്തിരുന്നത്. മൂവരെയും റിമാൻഡുചെയ്തു.

 

Post ad 1
You might also like