മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. പെൺകുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ (36) എന്നിവരെയാണ് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.
2024 ജനുവരിയിൽ വടകരയിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് പെൺകുട്ടിയുടെ വിവാഹം നടന്നത്. വിവാഹ ഇടനിലക്കാരനായി എഴുപതിനായിരം രൂപ കൈപ്പറ്റിയ സുനിൽ, കുട്ടിയുടെ ആധാർകാർഡിന്റെ പകർപ്പ് തിരുത്തിയാണ് തട്ടിപ്പുനടത്തിയത്. നിയമത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കുള്ള അജ്ഞത മുതലെടുത്താണ് സുനിൽ തട്ടിപ്പുനടത്തിയത്. കുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നറിഞ്ഞിട്ടും വിവാഹംചെയ്തതിനാലാണ് സുജിത്തിനെ പോലീസ് ഒന്നാംപ്രതി ചേർത്തത്.
വെള്ളിയാഴ്ച മീനങ്ങാടി പോലീസ് രജിസ്റ്റർചെയ്ത കേസ് ശനിയാഴ്ചയാണ് എസ്.എം.എസിന് കൈമാറിയത്. സുജിത്തിനെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ചയാണ് സുനിലിന്റെ അറസ്റ്റുരേഖപ്പെടുത്തിയത്. ഇരുവരെയും സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.