മന്ത്രവാദത്തിന്റെ പേരില്‍ അഞ്ചുപേരില്‍ നിന്നായി രണ്ട് ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തതായി പരാതി.
ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആര്‍. രമ്യയാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. മടവൂര്‍ കുടവൂര്‍ കോളിച്ചിറകൊച്ചാലുംമൂട് വീട്ടില്‍ ശാന്ത, നാണി, ലീല, ഊന്നിന്‍മൂട് കിഴക്കുംപുറം ലക്ഷം വീട്ടില്‍ ഓമന, ആറ്റിങ്ങല്‍ കിഴക്കുംപുറം സതീഷ് ഭവനില്‍ ബാബു എന്നിവരാണ് രമ്യയ്‌ക്കെതിരെ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.
സമീപവാസികള്‍ പറഞ്ഞാണ് ശാന്ത രമ്യയെക്കുറിച്ച് അറിയുന്നത്.
ശാന്തയുടെ വീട്ടില്‍ കുറച്ചുദിവസം താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് രമ്യയുടെ തട്ടിപ്പിന്റെ തുടക്കം. താന്‍ മന്ത്രവാദിനിയാണെന്നും പരിസരവാസികളുടെ വീടുകളില്‍ ദുര്‍മരണങ്ങള്‍ നടക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. അത് ഒഴിവാക്കാന്‍ മന്ത്രവാദം നടത്താമെന്നും എത്രയും പെട്ടെന്ന് പണം കണ്ടെത്തണമെന്നും വീട്ടുകാരോട് രമ്യ ആവശ്യപ്പെട്ടു. ഉടന്‍ പണമില്ലാത്ത ചിലര്‍ വളര്‍ത്തുമൃഗങ്ങളെ വിറ്റ് പണം സ്വരൂപിച്ചു. ഇവരില്‍നിന്ന് രമ്യ പണം വാങ്ങി. ഇതിനിടെ സ്വന്തം ആവശ്യത്തിന് ഒരാഴ്ചത്തേക്ക് പണയംവയ്ക്കാനെന്ന വ്യാജേന ഓമനയുടെ മൂന്നര പവന്റെ മാലയും മറ്റുള്ളവരില്‍ നിന്ന് മോതിരവും കമ്മലുകളും കൈക്കലാക്കി.
പൂജയ്ക്കായി രമ്യ അഞ്ചുപേരെയും തമിഴ്‌നാട്ടിലെ ആറ്റിന്‍കര പള്ളിയില്‍ എത്തിച്ചു. പൂജ നടക്കാതെ വന്നതോടെ അഞ്ചംഗ സംഘം നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ ശേഷം രമ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. എന്നാല്‍,? ഓമനയുടെ മാല കിളിമാനൂരിനു സമീപത്തെ ജുവലറിയില്‍ വിറ്റതായി കണ്ടെത്തി. കേസെടുത്തതായും രമ്യ ഒളിവിലാണന്നും പള്ളിക്കല്‍ പൊലീസ് പറഞ്ഞു.