Real Time Kerala
Kerala Breaking News

കാസർഗോഡ് സ്റ്റേഷനില്‍ നിർത്തിയിട്ട ട്രെയിന് നേരെ കല്ലേറ്: കൊല്ലം സ്വദേശിയായ യാത്രക്കാരന്റെ തല പൊട്ടി ഏഴ് തുന്നല്‍

 കാസർഗോഡ്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന് നേരേയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് നേരേയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.55-ന് കല്ലേറുണ്ടായത്. മത്സ്യ തൊഴിലാളിയായ കൊല്ലം ശക്തികുളങ്ങരയിലെ വി. മുരളീധര(63)നാണ് പരിക്കേറ്റത്.

 

തലയ്ക്ക് സാരമായി പരിക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ ഏഴ് തുന്നലുണ്ട്. മദ്യപിച്ച് തീവണ്ടിയില്‍ ബഹളമുണ്ടാക്കിയ 30 വയസ്സ് തോന്നിക്കുന്ന യുവാവിനെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് തീവണ്ടിക്കുനേരേ കല്ലെറിയുകയായിരുന്നുവെന്ന് കരുതുന്നു.

 

ഏറ്റവും പിന്നിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു മുരളി. ആദ്യമെറിഞ്ഞ കല്ല് ആരുടെ ശരീരത്തിലും കൊണ്ടില്ല. രണ്ടാമതും എറിഞ്ഞപ്പോഴാണ് മുരളീധരന്റെ തലയ്ക്ക് കൊണ്ടതെന്ന് കൂടെ ജോലിചെയ്യുന്ന എ. ഇല്യാസ് പറഞ്ഞു. ഇതിനിടെ, കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരതിന് നേരേ ബേക്കലിനും കാഞ്ഞങ്ങാടിനുമിടയില്‍ തെക്കുപുറത്തുവെച്ച് കല്ലേറുണ്ടായി. സി 10 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് 2.45-ഓടെയാണ് സംഭവം.

Post ad 1
You might also like