കൊല്ലം : വൃശ്ചികോത്സവം നടക്കുന്ന കൊല്ലം ജില്ലയിലെ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ കേന്ദ്രസഹമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയും ഭാര്യ രാധിക നായരും ദർശനത്തിനെത്തി. ആഗ്രഹസാഫല്യത്തിനായി ഇരുവരും മണികെട്ട് നേർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. കേരളത്തിലെ ഏറ്റവും പ്രശസ്ത ദേവീ ക്ഷേത്രമായ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നിരവധി തവണ ദർശനത്തിനായി സുരേഷ് ഗോപി എത്തിയിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി.സജി, വൈസ് പ്രസിഡൻ്റ് എം.ജി. നടരാജൻ, ജോയിൻ്റ് സെക്രട്ടറി ദിദേശ് എസ്. , ഖജാൻജി ആർ.സത്യനേശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മണികെട്ട് നേർച്ചയിലൂടെ ഭക്തിയോടെ പ്രാർത്ഥിച്ചാൽ എന്ത് ആഗ്രഹവും സാധിക്കും എന്ന വിശ്വാസത്തിൽ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ, ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ഇവിടെ ഒരോ ദിവസവും ക്ഷേത്രത്തിൽ എത്താറുള്ളത്. കായലിനും കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ കിണറുകളിൽ ഉപ്പ് രസമില്ലാത്ത ശുദ്ധജലം ലഭിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു നിത്യ സത്യമാണ്. വളരെയധികം വ്യത്യസ്ഥത കൊണ്ട് ശ്രദ്ദേയമായ ഈ ക്ഷേത്രത്തിൽ 2024 നവംബർ 27 വരെയാണ് ഈ വർഷത്തെ വൃശ്ചികോത്സവം. നിത്യപൊങ്കാലയും നിത്യഅന്നദാനവും നടക്കുന്ന ക്ഷേത്രമാണിത്. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം ഭജനമഠങ്ങളിലായി പതിനായിരത്തോളം ഭക്തരാണ് ഇവിടെ ഭജനം പാർക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാർ പ്രത്യേകം കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകളും, ജങ്കാർ സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ ക്യാമ്പുകളും, വ്യാവസായിക മേളയും നടക്കുന്നുണ്ട്.
