അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസില്‍ പ്രതിയായി ഒളിവില്‍കഴിഞ്ഞിരുന്ന പോലീസുകാരൻ
കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവ് സംഘപ്പുരമുക്കില്‍ പൈങ്ങാക്കുളങ്ങര വീട്ടില്‍ അസർ എന്ന ബെക്കർ അബ(48)യാണ് അറസ്റ്റിലായത്. പോലീസില്‍ ഡ്രൈവർ സിവില്‍ ഓഫീസറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദ് നരോദയിലുള്ള ആശ്രമത്തില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
തൃശ്ശൂർ എ.ആർ.ക്യാമ്ബില്‍ ഡ്രൈവറായിരുന്ന ബെക്കർ അബ, ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുൻപും വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പുനലൂർ സ്റ്റേഷനിലെ കഞ്ചാവ് കേസില്‍പ്പെട്ടശേഷം മൈസൂരു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ഒളിവില്‍ക്കഴിഞ്ഞിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലായ് 11-നാണ് കുര്യോട്ടുമലയിലെ വീട്ടില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. എസ്.ഐ. എം.എസ്.അനീഷിന്റെ നേതൃത്വത്തില്‍ പുനലൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കാപ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ പുനലൂർ മുസാവരിക്കുന്ന്, ചരുവിള പുത്തൻവീട്ടില്‍ ഷാനവാസ് (41), കുര്യോട്ടുമല അഞ്ജനാഭവനില്‍ അജിത് (24), ചെമ്മന്തൂർ ഫൈസല്‍ മൻസിലില്‍ ജെസില്‍ (22) എന്നിവരെ അന്നുതന്നെയും മറ്റു മൂന്നുപ്രതികളായ റിമോ, സാജ്ചന്ദ്രൻ, നിസാം എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചാംപ്രതിയായ ബെക്കർ അബ അന്നുമുതല്‍ ഒളിവിലായിരുന്നു. ഏതാനും ദിവസംമുൻപാണ് ഇയാള്‍ നരോദയിലെ ആശ്രമത്തില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. എ.എസ്.ഐ. ഷാജി, സി.പി.ഒ.മാരായ ഹരികൃഷ്ണ, മനീഷ്, ജംഷീദ്, പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എസ്.എച്ച്.ഒ. ടി.രാജേഷ്കുമാർ പറഞ്ഞു. കഞ്ചാവുകടത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ഇൻസ്പെക്ടർ പറഞ്ഞു…