വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയില്‍. സി.പി.എം. പുള്ളിക്കാനം ലോക്കല്‍ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം.
നിയന്ത്രണത്തില്‍ വാഗമണ്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള ടൂറിസം ഡിവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മല്‍ (31) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
സ്വകാര്യ റിസോർട്ടില്‍ വാറ്റുചാരായം ഉത്പാദിപ്പിക്കുന്നതിനിടെ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.രാത്രി നടന്ന റെയ്ഡില്‍ 200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. റെയ്ഡ് നടപടികള്‍ രാത്രി വൈകിയും തുടരുകയാണ്. മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അനീഷ്.
നാളുകളായി കണ്ണംകുളത്തിന് സമീപത്തെ റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം നിർമാണം നടക്കുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. റെയ്ഡിന് എത്തുമ്ബോള്‍ ചാരായം ഉത്പാദിക്കുന്ന പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തില്‍ ബിജുവിന്റെ ഉടമസ്തയിലുള്ളതാണ് റിസോർട്ട്. അനീഷാണ് നോട്ടക്കാരനെങ്കിലും മറ്റുള്ളവർക്ക് താമസത്തിന് നല്‍കുന്നില്ല.