ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പില്‍ നിന്ന് ആളെക്കയറ്റിയെന്നാരോപിച്ച്
മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരില്‍ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയെന്ന് ആരോപിച്ചാണ് ആക്രമണം. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മർദിച്ചത്. ഓട്ടോറിക്ഷയെ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അക്രമം അഴിച്ചുവിട്ടത്.
മർദനമേറ്റ ലത്തീഫ് സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയെങ്കിലും ആശുപത്രിയിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരണപ്പെട്ടു. സംഭവത്തില്‍ പൊലീസ് നിയമനടപടി സ്വീകരിക്കും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
