കാഞ്ഞ ബുദ്ധി! പൊലീസിനെതിരെ പരാതി കൊടുക്കുന്ന തന്ത്രശാലി; പിറ്റ്ബുള്ളിനെ ഉപയോഗിച്ചും രക്ഷപെടല്‍, അവസാനം വലയില്‍
എംഡിഎംഎയുമായി നൂറനാട് സ്വദേശി അറസ്റ്റില്‍. പാലമേല്‍ കാവില്‍ വീട്ടില്‍ ശ്യാം (29) ആണ് പിടിയിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന് ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്നുവില്‍പ്പന നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് മാസങ്ങളായി ഇയാളെ നീരീക്ഷിച്ചുവരുകയായിരുന്നു.
വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തുന്ന സമയം പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട പട്ടിയെ അഴിച്ചുവിടുകയും ആ സമയം ലഹരിവസ്തുകള്‍ മാറ്റുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ക്കയറി നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ ഉന്നതാധികാര സ്ഥലങ്ങളില്‍ ഇയാള്‍ പരാതി നല്‍കുമായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് വാങ്ങാൻ പോകുന്ന വിവരം രഹസ്യമായി അറിഞ്ഞതിനെത്തുടർന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 130 ഗ്രാം എംഡിഎംഎ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടി. നർക്കോട്ടിക് സെല്‍ ഡിവൈസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ നൂറനാട് ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്‌ഐ രാജേന്ദ്രൻ, എഎസ്‌ഐ സിനു വർഗീസ്, സിപിഒമാരായ ജഗദീഷ്, സിജു, പ്രൊബേഷൻ എസ്‌ഐ മിഥുൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
