[ad_1]
ജമ്മു കശ്മീരിലെ പുൽവാമയിൽ മരിച്ച കശ്മീരി പണ്ഡിറ്റിന്റെ അന്ത്യകർമങ്ങൾ നടത്താൻ സഹായിച്ച് മുസ്ലീങ്ങളായ അയൽവാസികൾ. അശോക് കുമാർ വാങ്കു എന്നയാളുടെ സംസ്കാരച്ചടങ്ങാണ് മതസൗഹാർദത്തിന്റെ ഉത്തമ മാതൃക കൂടിയായത്. ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയോടെയാണ് പാംപോർ പട്ടണത്തിലെ ഡ്രംഗബാലിലുള്ള സ്വവസതിയിൽ വെച്ച് അശോക് കുമാർ മരിച്ചത്. മൃതദേഹം ജമ്മുവിലേക്ക് കൊണ്ടുപോകുന്നതിനുപകരം അന്ത്യകർമങ്ങൾ ഇവിടെ വെച്ചു തന്നെ നടത്താൻ സ്ഥലത്തെ കശ്മീരി പണ്ഡിറ്റുകൾ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ആഗ്രഹത്തെ പിന്തുണച്ച് പ്രദേശത്തെ മുസ്ലീം അയൽക്കാരും രംഗത്തെത്തി. തങ്ങളുടെ സഹായത്തിനെത്തിയതിന് മുസ്ലീം സമൂഹത്തോട് കശ്മീരി പണ്ഡിറ്റുകൾ നന്ദി പ്രകടിപ്പിച്ചു.
”അശോക് കുമാർ വാങ്കു എന്നയാളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.00 മണിയോടെ ആയിരുന്നു അന്ത്യം. മരണവാർത്ത അറിഞ്ഞയുടൻ, ഡ്രംഗബാൽ മൊഹല്ലയിലും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ എത്തി അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്കും മറ്റ് ക്രമീകരണങ്ങൾക്കും സഹായിച്ചു”, മരിച്ചയാളുടെ അയൽക്കാരനും കശ്മീരി പണ്ഡിറ്റുകളിലൊരാളുമായ രാജു ഭട്ട് പറഞ്ഞു. ”സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഞങ്ങളെ സഹായിക്കാനായി എത്തിയിരുന്നു. ഞങ്ങൾക്ക് അധികമൊന്നും ചെയ്യേണ്ടി വന്നില്ല. പണ്ടേ ഞങ്ങൾ ഇവിടെ ഇത്തരം കാര്യങ്ങൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഇതിനെയാണ് കശ്മീരിയത്ത് (Kashmiriyat) എന്നു വിളിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരമൊരു പ്രവൃത്തി വലിയ പ്രാധാന്യ അർഹിക്കുന്നു. ഞങ്ങൾ അവരോട് നന്ദിയുള്ളവരാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
Also read-ഏഴ് ദിവസത്തിനുള്ളിൽ പൊടിച്ചത് 26 ലക്ഷം രൂപ; മധ്യപ്രദേശിൽ ഡിജിറ്റൽ പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍, ബിജെപി തൊട്ടു പിന്നിൽ
ഈ പ്രദേശം ഹിന്ദു-സിഖ്-മുസ്ലിം ഐക്യത്തിന് പേരുകേട്ടതാണെന്ന് അന്തരിച്ച അശോക് കുമാർ വാങ്കുവിന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും അയൽക്കാരനുമായ മുഹമ്മദ് യൂസഫ് മാലിക് പറഞ്ഞു. “ഞങ്ങൾ ഇതുവരെ ഇവിടെ അത്തരത്തിലുള്ള ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും സൗഹാർദത്തോടെ ഇവിടെ ഒരുമിച്ചു ജീവിക്കുന്നു. ഞങ്ങൾ പരസ്‌പരം സന്തോഷവും ദുഃഖവുമെല്ലാം പങ്കിടുന്നു. വാങ്കുവിനെ ജമ്മുവിലേക്ക് സംസ്കരിക്കാനായി കൊണ്ടുപോകേണ്ടെന്നും അത് ഇവിടെ വെച്ചു നടത്താനും ആയിരുന്നു പണ്ഡിറ്റ് സമൂഹത്തിന്റെ ആഗ്രഹം. അതിനാൽ ഞങ്ങൾ എല്ലാവരും അവരെ സഹായിക്കാൻ ഒത്തുചേർന്നു,” മാലിക് കൂട്ടിച്ചേർത്തു.
[ad_2]