[ad_1]
IANS
പാഠ്യപദ്ധതിയിൽ വേദങ്ങളും ഇന്ത്യൻ ഭാഷകളും ഉൾപ്പെടുത്തുന്ന പദ്ധതിക്കായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 100 കോടി രൂപ നീക്കി വെച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പുതിയ പദ്ധതി അനുസരിച്ച് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വേദപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിസിൻ, എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായി ഏത് കോളേജിൽ ചേരാനും അർഹതയുണ്ട്.
വേദപഠനം അംഗീകരിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നീക്കം. വേദങ്ങളിലെ അറിവും മൂല്യങ്ങളും സന്ദേശവും ഉൾക്കൊണ്ട് സാമൂഹ്യനീതിയും സ്ത്രീ ശാക്തീകരണവും നേതൃത്വ വികസനവും ഉറപ്പാക്കാമെന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ തലമുറകളെ ഇന്ത്യൻ ഭാഷകളും സാഹിത്യങ്ങളും പഠിപ്പിക്കാൻ സർവകലാശാലകൾ മുന്നോട്ടു വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഭാരതീയ ശിക്ഷാ ബോർഡ് (ബിഎസ്ബി), മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ സംസ്കൃത ശിക്ഷാ ബോർഡ് (എംഎസ്ആർവിഎസ്എസ്ബി), മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിസ്ഥാൻ (എംഎസ്ആർവിവിപി) തുടങ്ങിയ വേദിക് ബോർഡുകളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം ഏറെ പ്രയോജനം ചെയ്യുക. നേരത്തെ, ഈ ബോർഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തുടർവിദ്യാഭ്യാസത്തിനായി നാഷണൽ ഓപ്പൺ സ്കൂളിങ്ങ് എക്സാമിനേഷൻ (National Open Schooling Examination) പാസാകേണ്ടതുണ്ടായിരുന്നു.
ശനിയാഴ്ച സെൻട്രൽ സംസ്‌കൃത സർവകലാശാലയിൽ ലക്ഷ്മി പുരാണത്തിന്റെ സംസ്‌കൃത വിവർത്തനം പ്രകാശനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എ.ഡി പതിനഞ്ചാം നൂറ്റാണ്ടിൽ ഒഡീഷയിലെ പുരിയിൽ വെച്ച് മഹാനായ കവി ബലറാം ദാസ് രചിച്ച ഭക്തിസാന്ദ്രമായ ഒരു കാവ്യമാണ് ലക്ഷ്മീ പുരാണം.
[ad_2]