[ad_1]

ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇതിന് പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സർവീസ് കേന്ദ്ര സർക്കാർ പുനരാരംഭിച്ചതെന്നും അദ്ദേഹം അറിയിച്ചു. കാനഡയിലെ പ്രതികൂല സാഹചര്യം കാരണം നയതന്ത്രജ്ഞർക്ക് ഓഫീസിൽ പോയി വിസ പ്രക്രിയ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തോന്നിയ സാഹചര്യത്തിലാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തിയതെന്ന് എസ് ജയശങ്കർ ചൂണ്ടിക്കാട്ടി.
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുനരാരംഭിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ വിസ സേവനങ്ങൾ പുനരാരംഭിച്ചത്. ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്ന സമീപനം കാനഡ സ്വീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ത്യ വിസ സേവനങ്ങൾ താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് സെപ്റ്റംബർ 21 മുതലാണ് ഇന്ത്യ നിർത്തിവച്ചത്. പിന്നീട് ഒക്ടോബർ ആയപ്പോൾ കനേഡിയൻ പൗരന്മാർക്കുള്ള എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നതോടെയാണ് ഇരുരാജ്യങ്ങളും ബന്ധത്തിൽ വിള്ളൽ വീണത്.
[ad_2]
