ഇൻഡോർ: ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു.
80 ശതമാനം പൊള്ളലേറ്റ യുവതി നിലവില്‍ ഗ്വാളിയോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞ് ഉദരത്തില്‍വച്ചു തന്നെ കൊല്ലപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, യുവതി കൂട്ടബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
ഭർത്താവ് പ്രതിയായ ബലാത്സംഗ കേസില്‍ ഇരയായ യുവതിയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയപ്പോഴാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റുമ്ബോള്‍ ആംബുലൻസില്‍ വച്ച് ഭർത്താവ് പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഭർത്താവിന്റെ പേരില്‍ ആരോപിക്കപ്പെട്ട ബലാത്സംഗ പരാതി പറഞ്ഞുതീർക്കാനാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചാന്ദ്പുർ ഗ്രാമത്തിലേക്കു പോയതെന്നു യുവതി വെളിപ്പെടുത്തിയതായി അംബാ ടൗണ്‍ ഇൻസ്പെക്ടർ അലോക് പരിഹാർ വിശദീകരിച്ചു. ഇതേക്കുറിച്ചു സംസാരിക്കുന്നതിനിടെ മൂന്നു പുരുഷൻമാർ ചേർന്നു പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ തീകൊളുത്തിയതായും യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
ആംബുലൻസില്‍വച്ച് ഭർത്താവ് പകർത്തിയ വിഡിയോയിലും മൂന്നു പുരുഷൻമാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പറയുന്നുണ്ട്. ഇവരുടെ കയ്യില്‍നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്ബോള്‍, തന്റെ ഭർത്താവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും ബന്ധുക്കളും ചേർന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചതായും യുവതി ആരോപിച്ചു.
