2024ലെ സിവില്‍ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ അദീബ അനം നിശബ്ദമായി കരഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ ചരിത്രം സൃഷ്ടിച്ച നിമിഷമായിരുന്നു അത്.
മഹാരാഷ്ട്രയിലെ ആദ്യ മുസ്‍ലിം വനിതാ ഐഎഎസ് ഓഫിസറാരെന്ന ചോദ്യം അദീബ അനം എന്ന ഉത്തരത്തിനൊപ്പം ഇനി രാജ്യം ചേർത്തുവെക്കും.
രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷകളിലൊന്നായ യുപിഎസ്‌സി സിവില്‍ സർവീസ് പരീക്ഷയില്‍ 27കാരിയായ അദീബ അഖിലേന്ത്യാതലത്തില്‍ 142-ാം റാങ്കാണ് നേടിയത്. സാഹചര്യങ്ങള്‍ കാരണം പത്താം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ പിതാവ് അഷ്ഫാഖ് ഷെയ്ഖിന് താൻ ആഗ്രഹിച്ച വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. തനിക്ക് നേടാൻ കഴിയാത്ത സ്വപ്നങ്ങള്‍ തന്റെ മകളിലുടെ സാധിക്കണമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം പഠനത്തില്‍ മിടുക്കിയായ അദീബക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
പുനെയിലെ അബേദ ഇനാംദാർ കോളജില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദീബ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ സിവില്‍ സർവീസ് എന്ന സ്വപ്നത്തിലേക്കെത്തി. ‘ഒരു ഓട്ടോ ഡ്രൈവർ ആയതിനാല്‍ എന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് പിതാവിന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ആ കുറവ് അദ്ദേഹം തന്നെ അറിയിച്ചില്ല. യാത്ര കഠിനമായിരുന്നു. പക്ഷേ, മാതാപിതാക്കളുടെ പിന്തുണ തടസ്സങ്ങള്‍ നീക്കികൊണ്ടിരുന്നു. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു പിതാവ് തന്നോട് എപ്പോഴും പറഞ്ഞത്’- അദീബ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ജനസംഖ്യയുടെ 12 ശതമാനത്തോളം മുസ്‌ലിംകളാണെങ്കിലും ഉന്നത സർക്കാർ തസ്തികകളില്‍ പ്രാതിനിധ്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെ അദീബയുടെ നേട്ടത്തിന് വ്യക്തിപരമായ വിജയത്തേക്കാള്‍ വളരെയധികം സാമൂഹിക പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ‘സ്റ്റീല്‍ ഫ്രെയിം’ എന്നറിയപ്പെടുന്ന ഐഎഎസിലേക്കുള്ള അദീബ അനമിന്റെ നിയമനം ഒരു പുതിയ അധ്യായമാണ് അടയാളപ്പെടുത്തുന്നത്.
