Real Time Kerala
Kerala Breaking News

കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍

കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍

നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാള്‍ ഒളിക്യാമറ വഴി പകർത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

 

ഓഗസ്റ്റ് 8-നാണ് ഒമൈർ ഐജാസ് എന്നയാളെ അറസ്റ്റ് ചെയ്യുന്നത്. ശൗചാലയം, വസ്ത്രം മാറുന്ന സ്ഥലം, ആശുപത്രി മുറി തുടങ്ങിയിടങ്ങളില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വീഡിയോ പകർത്തുന്നതായിരുന്നു ഇയാളുടെ രീതി. സ്വന്തം വീട്ടിലും ഒളിക്യാമറ വെച്ച്‌ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അടക്കം സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകർത്തിയിരുന്നു. സ്വന്തം വീട്ടിലെ രണ്ടുവയസ്സുള്ള കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങളും ഇയാള്‍ പകർത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

 

അസ്വസ്ഥപ്പെടുത്തുന്ന തെളിവുകളുമായി പ്രതിയുടെ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

 

വിഷയത്തില്‍ ശക്തമായ അന്വേഷണം വേണ്ടി വരുമെന്നും, അതിന് ശേഷം മാത്രമേ ഇതിന്റെ ആഴം എത്രത്തോളമെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നു. മിഷിഗണിലെ റോച്ചസ്റ്റർ ഹില്‍സിലുള്ള പ്രതിയുടെ വീട്ടില്‍ നിന്ന് ആയിരത്തിലേറെ വീഡിയോകളുടെ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇരകളുടെ പട്ടിക ഇനിയും നീളുമെന്ന് ഓക്ക്ലാൻഡ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി.

 

കംപ്യൂട്ടറുകള്‍, ഫോണുകള്‍ എന്നിവയടക്കം 15-ഓളം ഉപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാർഡ് ഡ്രൈവില്‍ മാത്രം 13,000 വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. ക്ലൗഡ് സ്റ്റോറേജിലും വീഡിയോകള്‍ ശേഖരിച്ചു വെച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അബോധാവസ്ഥയിലുള്ളവരേയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോകളും ഇയാള്‍ പകർത്തിയതായി ഓക്ക്ലാൻഡ് കൗണ്ടി ഷെരീഫ് പറയുന്നു.

 

2011-ല്‍ വർക്ക് വിസയിലാണ് ഇയാള്‍ അമേരിക്കയില്‍ എത്തുന്നത്. തുടർന്ന് അവിടത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അലബാമയില്‍ ഉണ്ടായിരുന്ന പ്രതി 2018 മുതലാണ് മിഷിഗണിലേക്ക് താമസം മാറ്റിയത്.

 

ഒട്ടനേകം വീഡിയോകളുള്ളതിനാല്‍, ഇരകളെ കണ്ടെത്തുക പ്രയാസമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംശയമുള്ളവർക്ക് പോലീസുമായി ബന്ധപ്പെടാൻ ഇ- മെയില്‍ നല്‍കിയിട്ടുണ്ട്.

 

 

Post ad 1
You might also like